പുകയും പൊടിയും മൂടി മലിനമായ അന്തരീക്ഷമാണ് മിക്ക നഗരങ്ങളിലും. ബൈക്കിലും സൈക്കിളിലും സഞ്ചരിക്കുന്നവരാണ് മലിനീകരണം കൂടുതല്‍ ഏല്‍ക്കേണ്ടി വരിക. എന്നാല്‍ , നിങ്ങളുടെ സൈക്കിളിന് മലിനവായു ശുദ്ധീകരിക്കാന്‍ കഴിയുമെന്ന് വന്നാലോ! സൈക്കിള്‍ യാത്ര പരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ ഉപാധിയാകുമെങ്കിലോ!
ഇതൊരു തമാശ ചോദ്യമല്ല. ഒരുപക്ഷേ, നാളെ വിപണിയിലെത്തിയേക്കാവുന്ന ആശയമാണ്. അന്തരീക്ഷവായു ശുദ്ധീകരിക്കുന്ന ബൈക്കുകള്‍ സാധ്യമാണെന്ന് ബാങ്കോക്ക് കേന്ദ്രമായുള്ള ഒരുസംഘം പറയുന്നു. അവര്‍ മുന്നോട്ടുവെച്ച മാതൃകയ്ക്ക് 'റെഡ് ഡോട്ട്' അവാര്‍ഡും ലഭിച്ചിരിക്കുന്നു.
ബാങ്കോക്ക് ആസ്ഥാനമായുള്ള 'ലൈറ്റ്‌ഫോഗ് ക്രിയേറ്റീവ് ആന്‍ഡ് ഡിസൈനി' ( Lightfog Creative and Design ) ലെ എഞ്ചിനിയര്‍മാരും ഡിസൈനര്‍മാരുമാണ്, വായൂ ശുദ്ധീകരിക്കുന്ന സൈക്കിളിന്റെ ഡിസൈന്‍ രൂപപ്പെടുത്തിയത്. ട്രാഫിക്കേറിയ വീഥികളിലൂടെ സഞ്ചരിക്കുമ്പോള്‍ സൈക്കിള്‍ വായു ശുദ്ധീകരിക്കും.
പുതിയ ആശയമുപയോഗിച്ചുള്ള സൈക്കിളിന്റെ ആദ്യരൂപം ഇനിയും നിര്‍മിച്ചിട്ടില്ല. സംഘം മുന്നോട്ടുവെച്ച ഡിസൈന്‍ അനുസരിച്ച്, സൈക്കിള്‍ ഓടുന്ന വേളയില്‍ ഹാന്‍ഡില്‍ ബാറുകള്‍ക്കിടയിലുള്ള ഫില്‍റ്റര്‍ വഴിയാണ് വായൂ ശുദ്ധീകരിക്കപ്പെടുക.
മാത്രമല്ല, ഇലകള്‍പോലെ പ്രവര്‍ത്തിക്കുന്നതാണ് സൈക്കിളിന്റെ ഫ്രെയിം. അത് സൂര്യപ്രകാശത്തെ ഊര്‍ജമാക്കി മാറ്റി ഒരു ഫ്യുവല്‍ ബാറ്ററി പ്രവര്‍ത്തിപ്പിക്കും. ആ പ്രവര്‍ത്തനത്തിന്റെ ഉപോത്പന്നമായി ശുദ്ധമായ ഓക്‌സിജന്‍ പുറത്തുവരും.
'സൈക്കിളോടിക്കുന്നത് പൊതുവെ ട്രാഫിക് ജാമുകള്‍ കുറയ്ക്കും. എന്നാല്‍ , മലനീകരണം കുറയ്ക്കുക വഴി കൂടുതല്‍ മൂല്യം സൈക്കിളോടിക്കുന്നതിന് ലഭ്യമാക്കാനാണ് ഞങ്ങളാഗ്രഹിക്കുന്നത്' - ക്രിയേറ്റീവ് ഡയറക്ടര്‍ സിലവാറ്റ് വിക്രകുള്‍ പറഞ്ഞു.